തിരുവനന്തപുരം - 3

കായലുകള്‍ 
തിരുവനന്തപുരം നഗരത്തിന് വടക്ക് സ്ഥിതി ചെയ്യുന്ന വേളിക്കായല്‍ ,ഇതിനും വടക്കു മാറിയുള്ള കഠിനംകുളംകായല്‍,അഞ്ചുതെങ്ങ് കായല്‍ ,ഇടവാ -നായറ കായലുകള്‍ ഇവയാണ് ജില്ലയിലെ പ്രധാന കായലുകള്‍.. വലിപ്പം കൊണ്ട് ശ്രദ്ധേയമായ കായലുകളൊന്നും ഇക്കുട്ടത്തില്‍ ഇല്ല. മഴക്കാലത്ത് കടലുമായി ചേരുന്ന വേളിക്കായലിലാണ് പ്രസിദ്ധമായ വേളി ടുറിസ്റ്റ് ഗ്രാമം നിര്‍മ്മിച്ചിരിക്കുന്നത്. ഈ കായലിലെ വീതി കുറഞ്ഞ ഭാഗത്ത് നിര്‍മിച്ചിരിക്കുന്ന 'ഫ്ലോടിംഗ് ബ്രിഡ്ജ്'ലുടെ വിനോദസഞ്ചാരികള്‍ക്ക് വേളി കടപ്പുറത്ത് പോകാം. വേളിക്കായലിനേയും കഠിനംകുളംകായലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നത് പാര്‍വതിപുത്തനാറാണ്. ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങിലാണ് അഞ്ചുതെങ്ങ് കായല്‍ സ്ഥിതി ചെയ്യുന്നത്.ഇതിനു വടക്ക് ഭാഗത്തായി ഇടവാ -നായറ കായലുകള്‍ സ്ഥിതി ചെയ്യുന്നു.ആക്കുളവും വെള്ളയണിയുമാണ്‌ പ്രധാന ശുദ്ധജല തടാകങ്ങള്‍..

കടല്‍ത്തീരം 
കേരളത്തിന്‍റെ ആകെ കടല്‍ത്തീരമായ 580 കിലോമീറ്ററിന്റെ 12.41 ശതമാനം തിരുവനന്തപുരം ജില്ലയിലാണ്. അന്താരാഷ്ട്ര പ്രസിദ്ധിയുള്ള കോവളം,
വര്‍ക്കല എന്നിവ കുടാതെ ശംഖുമുഖം, വേളി , അഞ്ചു തെങ്ങ് എന്നിവയും ജില്ലയിലെ കടല്‍ത്തീരത്തെ ശ്രദ്ധേയമായ കേന്ദ്രങ്ങള്‍ ആണ്.

കടലിലേക്ക്‌ ഉന്തി നില്‍ക്കുന്ന പാറക്കെട്ടുകളും ആഴം കുറഞ്ഞ കടലോരവുമാണ് കോവളത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തായാണ്  ശംഖുമുഖം കടല്‍ത്തീരം . കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത മത്സ്യ കന്യകയുടെ കൂറ്റന്‌ ശില്‍പ്പവും ഇവിടെയുണ്ട്. 35 മീറ്ററോളം ആണ് ഇതിന്റെ നീളം.ശംഖുമുഖത്തിന് വടക്കുമാറിയാണ് വേളി ടുരിസ്റ്റ് ഗ്രാമത്തിനരികെയുള്ള വേളി കടല്‍ത്തീരം.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 41 കിലോമീറ്റര്‍ വടക്കുമാരിയുള്ള വര്‍ക്കല പാപനാശം കടല്‍ത്തീരം പ്രമുഖ തീര്‍ഥാടന കേന്ദ്രവും ടുരിസ്റ്റ് കേന്ദ്രവുമാണ്. ഹിന്ദുമത ആചാരപ്രകാരം , മരിച്ചുപോയവരുടെ ഭൗതിക അവശിഷ്ടങ്ങള്‍ കടലില്‍ നിമഞ്ജനം ചെയ്യാനായി ധാരാളം വിശ്വാസികള്‍  ഇവിടെ എത്താറുണ്ട്. കടല്തീരത്തുള്ള കുന്നുകളില്‍ നിന്ന് ഊറി വരുന്ന ഉറവയാണ് ഇവിടുത്തെ പ്രധാന സവിശേഷത. മുളബാത്തികള്‍ ഉപയോഗിച്ച് ആളുകള്‍ ഈ വെള്ളം ശേഖരിക്കാറുണ്ട്.

ഇംഗ്ലീഷുകാരുടെ ആദ്യകാല താവളങ്ങളില്‍ ഒന്നായിരുന്നു അഞ്ചുതെങ്ങ്. ആറ്റിങ്ങല്‌ റാണിയുടെ അനുവാദത്തോടെ ഇംഗ്ലീഷുകാര്‍ ഇവിടെ നിര്‍മ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം.

ഇന്ത്യയില്‍ ആദ്യമായി തിരമാലയില്‍ നിന്ന് വൈദ്യുതി  ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ച വിഴിഞ്ഞം കടപ്പുറവും തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തെ പ്രമുഖ മത്സ്യ ബന്ധന തുറമുഖമാണ് വിഴിഞ്ഞം. കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്‍റെ  വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു. ജില്ലയുടെ തീരപ്രദേശത്തെ മറ്റൊരു പ്രധാന സ്ഥാപനമാണ്‌ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം. 1962 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനം ഇപ്പോള്‍ വിക്രം സാരാഭായ് സ്പേസ് സെന്‍റ്റിന്‍റെ ഭാഗമാണ്.  

Comments